Thursday 15 November 2007

ഇന്ത്യ കൊടുങ്കാറ്റ് ഭീഷണിയില്‍

ഇന്ത്യ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയില്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് ഒറീസ, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ വീശിയടിക്കുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ഒറീസസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പാരാ ദ്വീപില്‍ നിന്ന് 700 കിലോമീറ്റര്‍ മാറി രൂപപ്പെട്ട ചുഴലിക്കൊടുങ്കാറ്റിന് സിദര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വടക്കോട്ടു നിങ്ങിക്കൊണ്ടിരിക്കുന്ന കാറ്റ് വെള്ളിയാഴ്‌ചയോടെ ബംഗാള്‍-ബംഗ്ലാദേശ് തീരത്തുള്ള സാഗര്‍ ദ്വീപ് കടക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം പറയുന്നത്.ഒറീസയില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കൊടുങ്കാറ്റോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 25 സെന്‍റി മീറ്ററിലധികം മഴ ഒറീസയില്‍ പെയ്യുമെന്നാണ് കരുതുന്നത്.സാഗര്‍ ദ്വീപിനോട് അടുത്തുള്ള മയൂര്‍‌ബഞ്ച്, ബാലസോര്‍ തുടങ്ങിയ തീരദേശ ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട് . മഴ മൂലം പ്രളയം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ ദ്രുതകര്‍മ്മ സേനയെ അയച്ചിട്ടുണ്ട്.പശ്ചിമബംഗാള്‍ തലസ്ഥാനമാ‍യ കൊല്‍ക്കത്തയില്‍ കൊടുങ്കാറ്റ് വീശുവാന്‍ സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.1999 ഒക്‍ടോബര്‍ 29 ന് ഒറീസയില്‍ വീശിയ ചുഴലി കൊടുങ്കാറ്റില്‍ 100 00 ആളുകള്‍ മരിച്ചിരുന്നു. 15 ദശലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്‌ടപ്പെട്ടു.

No comments: