Wednesday 21 November 2007

സിനിമ

സൂപ്പര്‍ താരങ്ങളില്ലാതെ സൈക്കിള്‍

ഓര്‍മ്മിക്കാന്‍ ഒരു പിടി നല്ല ഗാനങ്ങള്‍ ആലപിച്ച് മലയാള മനസ്സില്‍ കുടിയേറിയ വിനീത് ശ്രീനിവാസന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സൈക്കിള്‍. ജോണി ആന്‍റണിയാണ് സംവിധാനം.പുതുമുഖമായ വിനീത് ശ്രീനിവാസനൊപ്പം യുവ താരങ്ങളായ വിനു മോഹന്‍, ഭാമ, സന്ധ്യ എന്നിവരും സൈക്കിളില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിവേദ്യം എന്ന ലോഹി ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച താരങ്ങളാണ് വിനു മോഹനും ഭാമയും. കാതല്‍(തമിഴ്) എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട സന്ധ്യ ആലീസ്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍റ്, പ്രജാപതി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഈ യുവ നിര വേഷമിടുന്ന നാല് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സൈക്കിള്‍ എന്ന സിനിമ മുന്നോട്ട് പോവുന്നത്. ജീവിതം ഒരു സൈക്കിളാണ്. അതില്‍ സവാരി നടത്തുമ്പോള്‍ അനുഭവവേദ്യമാവുന്ന രസകരമായ മുഹൂര്‍ത്തങ്ങളും തിരിച്ചറിവുകളുമാണ് ഇന്നിന്‍റെ പര്യായമായ യുവ മനസ്സുകളിലൂടെ ഈ ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്.
ക്ലാസ്മേറ്റ്സിലൂടെ പ്രണയത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയ ജയിംസ് ആല്‍ബര്‍ട്ടാണ് സൈക്കിളിനു വേണ്ടി തിരക്കഥയും സംഭാഷണവും എഴുതുന്നത്. മാസ്റ്റേഴ്സ് സിനിമയുടെ ബാ‍നറില്‍ സണ്ണി കുരുവിള, തിലകന്‍ തണ്ടാശ്ശേരി, വിശ്വനാഥന്‍ നായര്‍ എന്നിവരാണ് നിര്‍മ്മാണം. സിനിമയുടെ ഫോട്ടോ ഷൂട്ട് എറണാകുളം മഹാരാജാസ് കോളജ് ഗ്രൌണ്ടില്‍ നടന്നു. ഷൂട്ടില്‍ വിനീത് ശ്രീനിവാസന്‍, വിനു മോഹന്‍, ഭാമ, സന്ധ്യ, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.ചിത്രത്തില്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, സായ് കുമാര്‍, മുരളി, ഷമ്മി തിലകന്‍, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങളും വേഷമിടുന്നു.

Tuesday 20 November 2007

സുരക്ഷാ വാഗ്ദാനവുമായി ഏയര്‍ടെല്‍

മുംബൈ:, തിങ്കള്‍, 19 നവം‌ബര്‍ 2007

തങ്ങളുടെ ഉപഭോക്താക്കളുടെ വിവരസാങ്കേതിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ഏയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ആന്‍ഡ് ടെലിഫോണ്‍ സര്‍വീസസ്. ഇതിനായി ഈ വിവര സുരക്ഷാമേഖലയിലെ പ്രമുഖ സ്ഥാപനമായ എഫ് സെക്യുറുമായി കൈകോര്‍ത്തിരിക്കുകയാണ് എയര്‍ടെല്‍.ഏയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി “എയര്‍ടെല്‍ പി സി സെക്യുര്‍” എന്ന സേവനം തയാറാക്കിയിരിക്കുകയാണ് എഫ് സെക്യുര്‍.ഉന്നതമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തിലൂടെ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്.എഫ് സെക്യുറിന്‍റെ ഡീപ്പ് ഗാര്‍ഡ് സാങ്കേതികവിദ്യയായാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്.കമ്പ്യൂട്ടറിലെ സോഫ്റ്റ്വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്ന സംവിധാനമാണിത്.അതിനാല്‍ തന്നെ വയറസ് ബാധയുണ്ടായാല്‍ ഉടന്‍തന്നെ തിരിച്ചറിയാനും സാധിക്കും.ഫിഷിങ്ങ്,വയറസ്,സ്പൈവെയര്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഇത് സംരക്ഷണം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ആദ്യഘട്ടത്തില്‍ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡിന്‍റെ ഹോം കണ്‍ക്ഷനുകള്‍ക്ക് ലഭ്യമാകുന്ന ഈ സേവനം പിന്നീട് ബിസിനസ്സ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. വാര്‍ഷിക വരിസംഖ്യാ അടിസ്ഥാനത്തിലാകും ഈ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക.

Thursday 15 November 2007

ഇന്ത്യ കൊടുങ്കാറ്റ് ഭീഷണിയില്‍

ഇന്ത്യ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയില്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് ഒറീസ, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ വീശിയടിക്കുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ഒറീസസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പാരാ ദ്വീപില്‍ നിന്ന് 700 കിലോമീറ്റര്‍ മാറി രൂപപ്പെട്ട ചുഴലിക്കൊടുങ്കാറ്റിന് സിദര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വടക്കോട്ടു നിങ്ങിക്കൊണ്ടിരിക്കുന്ന കാറ്റ് വെള്ളിയാഴ്‌ചയോടെ ബംഗാള്‍-ബംഗ്ലാദേശ് തീരത്തുള്ള സാഗര്‍ ദ്വീപ് കടക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം പറയുന്നത്.ഒറീസയില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കൊടുങ്കാറ്റോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 25 സെന്‍റി മീറ്ററിലധികം മഴ ഒറീസയില്‍ പെയ്യുമെന്നാണ് കരുതുന്നത്.സാഗര്‍ ദ്വീപിനോട് അടുത്തുള്ള മയൂര്‍‌ബഞ്ച്, ബാലസോര്‍ തുടങ്ങിയ തീരദേശ ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട് . മഴ മൂലം പ്രളയം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ ദ്രുതകര്‍മ്മ സേനയെ അയച്ചിട്ടുണ്ട്.പശ്ചിമബംഗാള്‍ തലസ്ഥാനമാ‍യ കൊല്‍ക്കത്തയില്‍ കൊടുങ്കാറ്റ് വീശുവാന്‍ സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.1999 ഒക്‍ടോബര്‍ 29 ന് ഒറീസയില്‍ വീശിയ ചുഴലി കൊടുങ്കാറ്റില്‍ 100 00 ആളുകള്‍ മരിച്ചിരുന്നു. 15 ദശലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്‌ടപ്പെട്ടു.